അപകടസാധ്യത മുമ്പില്‍ കണ്ട് സുരക്ഷാവേലി സ്ഥാപിക്കണമെന്നാവശ്യം

 


അടിമാലി: അടിമാലി കുമളി ദേശിയപാതയില്‍ ആയിരമേക്കറിന് സമീപം പാതയോരത്ത് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത മുമ്പില്‍ കണ്ട് സുരക്ഷാവേലി സ്ഥാപിക്കണമെന്നാവശ്യം.നിരപ്പായ പ്രദേശമായതിനാല്‍ ഈ ഭാഗത്തുകൂടി വാഹനങ്ങള്‍ വേഗതയിലാണ് കടന്നു പോകുന്നത്.ഏതെങ്കിലും സാഹചര്യത്തില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ പാതയോരത്തു നിന്നും താഴേക്ക് പതിക്കാന്‍ സാധ്യയേറെയാണ്.ഇക്കാരണത്താല്‍ തന്നെ ഈ ഭാഗത്ത് പാതയോരത്ത് താമസിക്കുന്ന കുടുംബവും ആശങ്കയോടെയാണ് കഴിഞ്ഞ് കൂടുന്നത്. പാതയോരത്ത് സുരക്ഷാവേലി തീര്‍ത്താല്‍ ആശങ്കയും അപകടസാധ്യതയും ഒരുപരിധിവരെ ഒഴിയുമെന്നാണ് കുടുംബത്തിന്റെ വാദം.അപകട സാധ്യത മുമ്പില്‍ കണ്ട് പാതയോരത്ത് താമസിക്കുന്ന കുടുംബം സ്ഥാപിച്ചിട്ടുള്ള താല്‍ക്കാലിക അപായസൂചന മാത്രമാണ് നിലവിലിവിടുള്ളത്.നാളുകള്‍ക്ക് മുമ്പ് ഈ ഭാഗത്ത് പാതയോരം ഇടിഞ്ഞ് പോവുകയും തങ്ങള്‍ തന്നെ അപകട സാധ്യത കുറക്കാന്‍ ഇടിഞ്ഞ് പോയഭാഗത്ത് മണ്ണിട്ട് നികത്തുകയും ചെയ്തതായി കുടുംബം പറഞ്ഞു.ദേശിയപാതയുടെ മറ്റ് ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത് പോലെ അപകട സാധ്യത നിലനില്‍ക്കുന്ന ഈ പ്രദേശത്തു കൂടി സുരക്ഷാവേലി തീര്‍ത്താല്‍ അപകട സാധ്യത കുറക്കാനാകുമെന്ന് വാഹനയാത്രികരും പാതയോരത്തെ താമസക്കാരായ കുടുംബവും വാദിക്കുന്നു.


No comments