പാചകം പിഴച്ചാൽ മരണം ഉറപ്പ് ( Puffer Fish Malayalam Details )



Puffer fish

        വേഗം തീരെ കുറവാണ് ഈ മത്സ്യത്തിന്, പയ്യെ നീന്തുന്ന ഈ പാവത്താനെ കണ്ടാൽ വായിൽ വെള്ളമൂറുന്ന ശത്രുക്കൾ കടലിൽ ധാരാളമുണ്ടുതാനും. അപ്പോൾ അവരിൽ നിന്നും രക്ഷപ്പെടാനെന്താണൊരു വഴി. മാക്സിമം എയറു പിടിച്ചങ്ങ് വീർക്കുക. വീർത്തുവീർത്ത് വലിയൊരു പന്തുപോലാവുക വായിലൊതുങ്ങുന്നൊരു കുഞ്ഞുമീൻ പെട്ടെന്ന് പല മടങ്ങ് വലിപ്പമുള്ള പന്തുപോലായാൽ ഏതു ശത്രുവും ബ്ലിങ്കസ്യ ആയിപ്പോകും!

പരമാവധി ശ്വാസം പിടിച്ച് ഇങ്ങനെ ശരീരം വീർപ്പിക്കുന്നതിന് ഇംഗ്ലീഷിൽ പഫ് എന്നാണ് പറയുക. അതേ പേരുതന്നെയാണ് സ്വയം വീർക്കുന്ന ഈ മീനിനും. പഫർഫിഷ് ടെട്രാഡോന്റിഡേ എന്നാണ് കുടുംബനാമം. ബ്ലോഫിഷ്, ബലൂൺ ഫിഷ്, ബബിൾ ഫിഷ്, ഗ്ലോബ് ഫിഷ് സ്വെൽ ഫിഷ് തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടുന്നു. ഭൂമധ്യരേഖയ്ക്കു സമീപമുള്ള ലോകത്തിലെ എല്ലാ സമുദ്രഭാഗങ്ങളിലും പഫർഫിഷുകളുണ്ട്. 120 ലധികം വ്യത്യസ്ത വിഭാഗങ്ങളുണ്ട് ഇവയുടെ കൂട്ടത്തിൽ. ഇവയിൽ ചിലരെ ശുദ്ധജലത്തിലും കണ്ടുവരുന്നു. വെറും ഒരിഞ്ചു നീളമുള്ള പിഗ്മി പഫർ മുതൽ രണ്ടടിവരെ നീളം വയ്ക്കുന്ന ജയന്റ് പഫർ വരെ പഫർ ഫിഷുകളുടെ കൂട്ടത്തിലുണ്ട്.

Puffer fish








ഇലാസ്റ്റിക് പോലെ വലിയുന്ന വയറും പരമാവധി വെള്ളവും ആവശ്യമെങ്കിൽ വായുവും വലിച്ചെടുക്കാനുള്ള കഴിവുമാണ് പഫർഫിഷിനെ വീർക്കാൻ സഹായിക്കുന്നത്. ചിലയിനങ്ങൾക്ക് ശരീരത്തിനുചുറ്റും മുള്ളുകളുമുണ്ട്. ഞൊടിയിടെ വീർത്ത് പന്തുപോലാവുന്ന മീനിനുചുറ്റും എഴുന്നുനിൽക്കുന്ന മുള്ളുകൂടിയുണ്ടെങ്കിൽ ശത്രുവിന്റെ കാര്യം പറയാനില്ലല്ലോ. ഇനി ശരീരം വീർപ്പിക്കുന്നതിനുമുമ്പേ പഫർഫിഷിനെ ആരെങ്കിലും അകത്താക്കിയെന്നിരിക്കട്ടെ, അപ്പോഴും ശത്രുവിന്റെ കാര്യം കട്ടപ്പൊക! സ്രാവുകൾ ഒഴികെയുള്ള ഏതു ശത്രുവിനെയും കൊല്ലാൻ പോന്ന ടെട്രാഡോടോക്സിൻ എന്ന വിഷം ഒട്ടുമിക്ക പഫർഫിഷുകളുടെയും ശരീരത്തിലുണ്ട്. സയനൈഡിനേക്കാൾ 1200 മടങ്ങ് വീര്യമുള്ളതാണ് ഈ വിഷമെന്നും ഒരു പഫർ ഫിഷിന്റെ ശരീരത്തിൽ 30 മനുഷ്യരെ കൊല്ലാൻ പോന്നത്രയും വിഷമുണ്ടെന്നും കരുതപ്പെടുന്നു. ഈ വിഷത്തിനുള്ള പ്രതിവിധിയും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വിഷമുള്ളവയുടെ കൂട്ടത്തിലാണ് ശാസ്ത്രജ്ഞർ പഫർഫിഷിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആൽഗകളുംളും കക്കകൾപോലുള്ള നട്ടെല്ലില്ലാജീവികളും ചെറുമത്സ്യങ്ങളുമൊക്കെയാണ് പഫർഫിഷുകളുടെ ഇഷ്ടഭക്ഷണം. അകത്താക്കുന്ന ജീവികളുടെ ശരീരത്തിലടങ്ങിയ ബാക്ടീരിയകളിൽ നിന്നാണ് പഫർഫിഷുകൾ വിഷം ഉൽപാദിപ്പിക്കുന്നതെന്ന് കരുതുന്നു. വിഷമുണ്ടെങ്കിലും ജപ്പാൻ, കൊറിയ, ചൈന പോലുള്ള രാജ്യങ്ങളിൽ ചിലയിനം പഫർഫിഷുകൾ മനുഷ്യരുടെ ഇഷ്ടവിഭവമാണ്. വമ്പൻവിലയുള്ള ഈ വിഭവം പാകം ചെയ്യുന്നത് പ്രത്യേക പരിശീലനവും ലൈസൻസും നേടിയ വിദഗ്ധരായ പാചകക്കാരാണ്. പാചകം പിഴച്ചാൽ മരണം ഉറപ്പ്. അത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എങ്കിലും പഫർഫിഷുകൾ ഇന്നും മനുഷ്യന്റെ തീൻമേശകളിലെത്തുന്നു. 


 

No comments