നേര്യമംഗലം പാലത്തിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

 

അടിമാലി: നേര്യമംഗലം പാലത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ അഗ്നിരക്ഷാസേന അനുനയിപ്പിച്ചു താഴെയിറക്കി. മാമലക്കണ്ടം ഇളമ്പ്ലശ്ശേരിക്കുടിയിൽ അരുണിനെയാണ്(26) പിന്തിരിപ്പിച്ച് താഴെയിറക്കിയത്. വെള്ളിയാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം.

ആർച്ച് പാലത്തിന്റെ മുകളിൽ കയറിയ അരുൺ മരിക്കാൻപോകുന്നതായി വിളിച്ചുപറഞ്ഞു. ഇതുകേട്ട വാഹനയാത്രികർ വിവരം ഊന്നുകല്ല് സ്റ്റേഷനിലും കോതമംഗലം അഗ്നിരക്ഷാനിലയത്തിലും അറിയിച്ചു.

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി യുവാവിനെ  ആറു മണിയോടുകൂടി താഴെയിറക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിക്കാനുള്ള കാരണം അറിയില്ലെന്ന് പോലീസ് പറഞ്ഞു.

ഇയാൾ ഇതിന് മുൻപും ആത്മഹത്യാശ്രമം നടത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കോതമംഗലം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ കരുണാകരൻപിള്ളയുടെ നേതൃത്വത്തിൽ സജി മാത്യു, കെ.ബി.ഷാജിമോൻ, ബി.സി.ജോഷി, കെ.കെ.രാജു, കെ.എ.അൻസിൽ, വി.എം.ഷാജി, ആർ.ജയകൃഷ്ണൻ, അൻവർ സാദത്ത്, വിഷ്ണു മോഹൻ, പി.ബിനു എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.



No comments